തെറ്റായ ഓൺലൈൻ വിവരങ്ങളിൽ നിന്ന് വിട്ട് നിൽക്കാനുള്ള 6 നിർദ്ദേശങ്ങൾ
ഈ ഗൈഡ് ഇവിടെ ഡൗൺലോഡ് ചെയ്ത് പ്രിൻറ് ചെയ്യുക. നിങ്ങളുടെ ഡാറ്റാ ഡിടോക്സ് അനുഭവം പങ്കുവെയ്ക്കുക, ഞങ്ങളുമായി ബന്ധം നിലനിർത്തുക അല്ലെങ്കിൽ ആക്ടിവിറ്റികൾക്ക് പ്രോത്സാഹനം ലഭിക്കാനായി സഫയ്ക്ക് എഴുതുക! എഴുതേണ്ട വിലാസം datadetox@tacticaltech.org
വാർത്തകൾ, നിത്യജീവിതത്തിൽ ആവശ്യമായേക്കാവുന്ന എളുപ്പവഴികൾ, വിനോദം എന്നിവക്ക് വേണ്ടി ആപ്പുകൾ, വെബ്സൈറ്റുകൾ, ഓൺലൈൻ മീഡിയകൾ തുടങ്ങിയവ അത്യാവശ്യമാണ്. പക്ഷെ ഈ കണ്ടന്റുകൾക്കിടയിലെ ഭ്രമങ്ങളിലൂടെ സഞ്ചരിച്ചുകൊണ്ട് അവനവന് വേണ്ടത് കണ്ടെത്തുക എന്നുള്ളത് ബുദ്ധിമുട്ടുണ്ടാക്കാം.
കൂടാതെ, ഓൺലൈനിൽ ഒരു വീഡിയോ അല്ലെങ്കിൽ ചിത്രമോ, ലേഖനമോ കാണുമ്പോൾ അതിലെ വസ്തുതകളും സങ്കല്പങ്ങളും വേർതിരിച്ചറിയുക എന്നത് ബുദ്ധിമുട്ടുള്ളതാവാം. നിങ്ങളുടെ പ്രൊഫൈൽ മനസ്സിലാക്കാൻ ശ്രമിക്കുന്ന പേഴ്സണാലിറ്റി ക്വിസുകൾ മുതൽ, ഞെട്ടിപ്പിക്കുന്ന തലക്കെട്ടുകൾ, തീർത്തും വ്യത്യസ്തമായ യാഥാർത്ഥ്യങ്ങളെ ബോധ്യപ്പെടുത്താൻ കെല്പുള്ള ആൾട്ടർ ചെയ്യപ്പെട്ട ചിത്രങ്ങളും വീഡിയോകളും വരെ നിങ്ങൾ ഓൺലൈനിൽ കാണുന്നതെന്തും അത് പോലെത്തന്നെ ആവണമെന്നില്ല.
ഇത്രമാത്രം വിവരങ്ങൾ പ്രാപ്യമാവുക എന്നത് ഒരു അനുഗ്രഹവും അതുപോലെത്തന്നെ ശാപവുമാണ്. വിവരങ്ങൾ വ്യക്തമായി ലേബൽ ചെയ്യപ്പെട്ടിട്ടില്ലെങ്കിലോ വഴിതെറ്റിക്കുന്നതോ ആണെങ്കിൽ അതെന്താണെന്ന് മനസ്സിലാക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാവും. ഇവിടെയാണ് പ്രശ്നം വരുന്നത്. ഇവിടെ നമ്മൾ വെറും തെറ്റായ വിവരങ്ങൾ, അതായത് “വ്യാജ വാർത്ത” അല്ലെങ്കിൽ രാഷ്ട്രീയ പരസ്യങ്ങൾ എന്നിവയെ കുറിച്ച് മാത്രമല്ല സംസാരിക്കുന്നത്… നിസ്സാരമെന്ന് തോന്നിക്കാവുന്ന ഒരു ഫോട്ടോ ഫിൽറ്റർ ആപ്പ് പോലും നിങ്ങൾക്ക് തോന്നുന്ന കാരണങ്ങൾ കൊണ്ടാവണമെന്നില്ല രൂപകല്പന ചെയ്തിട്ടുണ്ടാവുക. മികച്ച പ്രതിരോധമെന്നത് വിമർശനാത്മക ചോദ്യങ്ങൾ ചോദിക്കുകയാണ്. ഇതിലൂടെ മനഃപൂർവ്വം തെറ്റിദ്ധരിപ്പിക്കുന്നതോ മോശമായി ഗവേഷണം ചെയ്തതോ ആയ കണ്ടെന്റുകളിലെ നിരുപദ്രവകരമായ പകർപ്പും തട്ടിപ്പും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സാധിക്കും. ഇങ്ങനെ ആപല്‍സൂചകചിഹ്നങ്ങളും വിശ്വാസയോഗ്യമല്ലാത്ത വിവരസ്രോതസ്സുകളും തിരിച്ചറിയാനാവും.
ഈ ഡാറ്റ ഡിടോക്സിലൂടെ തെറ്റായ വിവരങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളെ കുറിച്ചും, സമകാലീന വാക്കുകളെ കുറിച്ചും നിങ്ങൾ മനസ്സിലാക്കും. നിങ്ങളുടെ ഉത്തരവാദിത്തങ്ങളുടെ ഒരു സൂക്ഷ്‌മ പരിശോധനയിൽ നിന്ന് തുടങ്ങി വലിയ ചിത്രത്തിൽ ചെന്ന് അവസാനിക്കുന്നതിനിടയിൽ നിങ്ങൾക്ക് വേണ്ട വിവരങ്ങളിലേക്ക് എത്താനായുള്ള ഉപദേശങ്ങളും ലഭിക്കും.
Let’s go!
1. തരംഗങ്ങൾ സൃഷ്ടിക്കാനുള്ള നിങ്ങളുടെ ശക്തി തിരിച്ചറിയുക.
ലൈക് ചെയ്യുക, ഷെയർ ചെയ്യുക, റീട്വീറ്റ് ചെയ്യുക, റീപോസ്റ്റ് ചെയ്യുക എന്ന് തുടങ്ങിയ വ്യവഹാരങ്ങളിലൂടെയാണ് നിങ്ങൾ ഓൺലൈനിൽ കാണുന്നവയുമായി സമ്പർക്കം പുലർത്തുന്നത്. നിങ്ങളുടെ സമ്പർക്കങ്ങൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ആവശ്യത്തിനാളുകൾ ഒരു ചിത്രം, വീഡിയോ അല്ലെങ്കിൽ പോസ്റ്റുമായോ ഇടപെടുമ്പോൾ, അത് വളരെ പെട്ടന്ന് വ്യാപിക്കും, ഇതിനെ പറയുന്നതാണ് “വൈറൽ ആവുക”.
ഒരു നിമിഷമെടുത്ത് നിങ്ങളോട് തന്നെ ചോദിക്കുക: “എന്താണ് ഓൺലൈനിലുള്ള എൻ്റെ സ്വാധീനം?” എന്നാണ് നിങ്ങളവസാനമായി ഞെട്ടിക്കുന്നതോ തമാശ നിറഞ്ഞതോ ആയ ഒരു ലേഖനമോ, തലക്കെട്ടോ, വീഡിയോയോ, ചിത്രമോ കണ്ടിട്ട് സെക്കൻഡുകൾക്കുള്ളിൽ കൂട്ടുകാർക്ക് അയച്ച് കൊടുത്തത്?
ഗവേഷകർ കണ്ടുപിടിച്ചത് മിക്കപ്പോഴും വൈറലാവുന്ന സ്റ്റോറികളും ചിത്രങ്ങളും നിങ്ങളിൽ ഭയം ഉണർത്തുന്നതോ , വെറുപ്പുളവാക്കുന്നതോ, ആശ്ചര്യം സൃഷ്ടിക്കുന്നതോ, ദേഷ്യമോ ആകാംക്ഷയോ ഉണ്ടാക്കുന്നതോ ആവും. ഇന്ന് രാവിലെ ഇതാണ് നിങ്ങൾ ചെയ്തതെങ്കിൽ, മോശം തോന്നേണ്ട കാര്യമില്ല.
നിങ്ങൾക്കറിയുമോ? ഷെയർ ചെയ്യുന്നത് ഒരു സ്നോബോൾ ഇഫക്ട് സൃഷ്ടിക്കുന്നു.ഒരു വ്യക്തി അവരുടെ 10 സുഹൃത്തുക്കളുമായി ഒരു കാര്യം പങ്ക് വെക്കുമ്പോൾ, അതിലോരോരുത്തരും അവരുടെ 10 സുഹൃത്തുകളിലേക്ക് വീണ്ടും ഇതെത്തിക്കുന്നു. അങ്ങനെ വളരെ കുറച്ച് നിമിഷങ്ങൾക്കുള്ളിൽ ഇത് 100-ൽ ഉപരി ആളുകളിലേക്കെത്തുന്നു. അതിനാൽ ഇത് തിരിച്ചെടുക്കുക എന്നതോ തെറ്റ് തിരുത്തുക എന്നതോ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്.
ഷെയർ ചെയ്യുക കരുതൽ ആണ്
ഷെയർ ചെയ്യുക എന്നത് ഒരു തരത്തിലുള്ള പങ്കാളിത്തത്തെയാണ് കാണിക്കുന്നത്. നിങ്ങൾ എന്തെങ്കിലും ഷെയർ ചെയ്യുമ്പോൾ, അത് വൈറൽ ആയേക്കാമെന്ന സാധ്യതയിലും കൂടെയാണ് നിങ്ങൾ പങ്കെടുക്കുന്നത്. ഉദാഹരണത്തിന് നിങ്ങളൊരു തെറ്റായ വാർത്തയാണ് ഷെയർ ചെയ്യുന്നതെന്ന് കരുതുക, ആ വാർത്തയുമായി നിങ്ങളുടെ പേരോ ലോക പ്രീതിയോ കൂട്ടിച്ചേർക്കപ്പെടുന്നത് നിങ്ങൾക്ക് താല്പര്യമുണ്ടാവുമോ? ഒരു ലിങ്ക് ഷെയർ ചെയ്യുന്നതിന് മുമ്പ് അത് മൂലം അസത്യമോ, ഹാനികരമോ, വിഷമയമോ ആയ ഒന്നാവാം വ്യാപിക്കുക എന്നുള്ളൊരു പരിഗണന വേണം.
2. ആ പേഴ്സണാലിറ്റി ടെസ്റ്റ് എടുക്കന്നതിന് മുമ്പ് രണ്ടാവർത്തി ആലോചിക്കുക.
ഇത്തരത്തിലുള്ളൊരു ക്വിസ് (വാക്കുകളിലായോ ഫോട്ടോ ഫിൽറ്ററായോ) നിങ്ങളെപ്പോഴാണ് അവസാനമായി കണ്ടത്:
- ഏത് ദശാബ്ദം ആണ് നിങ്ങൾ?
- എതാണ് നിങ്ങളുടെ സ്പിരിറ്റ് അനിമൽ?
- ഏത് ഡിസ്‌നി വില്ലൻ ആണ് നിങ്ങൾ?
- എന്താണ് നിങ്ങളുടെ പെർഫെക്ട് അവധി?
- ഏത് ഗെയിം ഓഫ് ത്രോൺസ് കാരക്ടർ ആണ് നിങ്ങളുടേത്?
- ….. ഈ ലിസ്റ്റ് ഇങ്ങനെ നീളുന്നു!
നിങ്ങളെ മുഴുകിപ്പിക്കാനുള്ള ഒരു രസകരമായ ക്വിസ് ആവാനുള്ള സാധ്യത ഇതിനുണ്ടെങ്കിൽ പോലും, ഈ ചോദ്യങ്ങൾ നിങ്ങളുടെ വ്യക്തിത്വത്തെ തരംതിരിക്കാനായി ശേഖരിക്കേണ്ട ഡാറ്റയ്ക്ക് വേണ്ടി പ്രത്യേകം സൃഷ്ടിച്ചതാവാം. ഇത് സൈക്കോമെട്രിക് പേറ്റേണുകളെ അടിസ്ഥാനമാക്കിയാണ്.
നിങ്ങളുടെ വ്യക്തിത്വം അളക്കാനായി ഉപയോഗിക്കുന്ന ഏറ്റവും സാധാരണയായ സൈക്കോളജിക്കൽ പ്രൊഫൈലിങ് സ്കെയ്ലിൽ 5 സ്വഭാവവിശേഷങ്ങളുടെ അടിസ്ഥാനത്തിലാണ് : Openness (ആർജവം), Conscientiousnness (മനഃസാക്ഷിത്വം) , Extraversion (ബഹിർമുഖത്വം ) , Agreeableness (യോജിപ്പ്), Neuroticism (അസ്ഥിരത) അഥവാ OCEAN. ഇത് നിങ്ങളെയും നിങ്ങളെ പോലുള്ളവരെയും കൂടുതൽ ഫലപ്രദമായി ലക്ഷ്യമിടാൻ വേണ്ടിയാണ്.
നിങ്ങൾക്കറിയുമോ? ആളുകളുടെ അറിവോടെയല്ലാതെ അവരെ പ്രൊഫൈൽ ചെയ്യാനും ലക്ഷ്യമിടാനുമായി ഫേസ്ബുക്കും, കേംബ്രിഡ്ജ് അനലിറ്റിക്കയും ഇതേ പേഴ്സണാലിറ്റി ടെസ്റ്റ് ആണ് ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഇരുവരും പ്രശ്നത്തിലാവുകയും ചെയ്തിരുന്നു.
“ഏത് സിംപ്‌സൺസ് കാരക്ടർ ആണ് നിങ്ങൾ?” എന്ന ക്വിസിനുള്ള ഉത്തരങ്ങൾക്കൊപ്പം ബ്രൗസറോ ആപ്പോ നിരീക്ഷിക്കുന്ന നിങ്ങളുടെ ബാക്കി ശീലങ്ങൾ, ലോയൽറ്റി കാർഡുകൾ പോലെ അവയുമായി കണക്ട് ചെയ്യപ്പെട്ട മറ്റ് വസ്തുക്കൾ എന്നിവ നിങ്ങൾ എന്ത് തരം വ്യക്തിയാണ്, നിങ്ങൾക്ക് എന്തെല്ലാം ഇഷ്ടമാണ്, നിങ്ങളെ ഒരു ജോഡി ഷൂസ് വാങ്ങിപ്പിക്കാനായി എങ്ങനെ സ്വാധീനിക്കാം (ഉദാഹരണത്തിന്) എന്നൊക്കെ ഡാറ്റാ അനലിസ്റ്റുകൾക്ക് വ്യക്തമാക്കി കൊടുക്കും. . . വേണമെങ്കിൽ അടുത്ത ഇലക്ഷണിന് നിങ്ങളുടെ വോട്ടിനെ ഒരു പ്രത്യേക രീതിയിൽ എങ്ങനെ സ്വാധീനിക്കാം എന്നറിയാൻ ഡാറ്റാ അനലിസ്റ്റുകൾക്ക് നിങ്ങളുടെയൊരു പ്രൊഫൈൽ വരെ ഉണ്ടാക്കാം.
കൂടുതൽ രഹസ്യങ്ങൾ സൂക്ഷിക്കുക
സ്വകാര്യ വിവരങ്ങളെ കുറിച്ചാലോചിക്കുമ്പോൾ നിങ്ങളുടെ പാസ് വേർഡുകൾ, ഐഡന്റിഫികേഷൻ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നുള്ളവയാവും നിങ്ങളുടെ മനസ്സിലേക്ക് ആദ്യം വരുന്നത്. പക്ഷെ നിങ്ങളെന്തിനെ പേടിക്കുന്നു, നിങ്ങളെ അലോസരപ്പെടുത്തുന്നതെന്ത്, നിങ്ങളുടെ അഭിനിവേശങ്ങൾ എന്നുള്ളവയും അത്രമാത്രം വ്യക്തിപരമാണ്. ഈ വിവരങ്ങൾ ഡാറ്റാ അണലിസ്റ്റുകളെ സംബന്ധിച്ച് വിലപ്പെട്ടതാണ് അതിനാൽ സർവേയിലൂടെയോ ക്വിസിലൂടെയോ ഇത്തരം വിവരങ്ങൾ നൽകുന്നതിന് മുമ്പ് നന്നായി ആലോചിക്കുക.
ഇക്ഷണിന് മുന്നോടിയായി നിങ്ങളുടെ ഡാറ്റ ശുചീകരിക്കാനുള്ള ചെയ്യാനുള്ള നടപടികൾ ഇവിടെകണ്ടെത്തുക.
3. ആ പ്രലോഭനത്തിൽ വീഴാതിരിക്കുക.
- ഈ സൗന്ദര്യ വിദ്യകൾ നിങ്ങൾക്ക് വിശ്വസിക്കാൻ ആവില്ല (അഞ്ചാമത്തേത് ഞെട്ടിക്കുന്നതാണ്!)”
- “അവിശ്വസിനീയം! ഇവർ ഇതെന്നും കഴിച്ചിരുന്നു എന്നിട്ടിപ്പോൾ ... ”
- “മനുഷ്യൻ വേഴ്സസ് സ്രാവ്: ഇനി സംഭവിക്കാൻ പോവുന്നത് നിങ്ങളെ ആശ്ചര്യപ്പെടുത്തും…”
അവസാനമായി എന്നാണ് ഇങ്ങനെയൊരു തലക്കെട്ടിലോ വീഡിയോയിലോ നിങ്ങൾ അമർത്തിയത്? ഇവയൊക്കെ പരസ്യപ്പെടുത്തിയത് ഒരു കാര്യം ആയേക്കാം പക്ഷേ അത് നിങ്ങൾ പ്രതീക്ഷിച്ചതിലും കുറച്ച് വ്യത്യസ്തമായ ഉള്ളടക്കത്തിലേക്കാവാം നയിച്ചത്? തലക്കെട്ട് വളരെ ആവേശമുണർത്തുന്നതാണെങ്കിൽ പോലും ലേഖനം തീർത്തും അതൃപ്തികരമായേക്കാം. ചിലപ്പോൾ നിങ്ങൾക്ക് ഞെട്ടലോ ആശ്ചര്യമോ തോന്നിയിട്ടുണ്ടാവില്ല.
കാരണം ഇത് അമർത്താനായി നിങ്ങൾ പ്രലോഭിപ്പിക്കപെടുകയാണ് ഉണ്ടായത്.
ക്ലിക്ക്ബെയ്റ്റ് എന്ന പദം സംഭ്രമജനകമായതോ , അസത്യമായതോ, കെട്ടിചമച്ചതോ ആയ തലക്കെട്ടുകളെ കുറിച്ച് പറയാൻ ഉപയോഗിക്കുന്നതാണ്. ഇതിന് പിന്നിലെ ഉദ്ദേശം നിങ്ങളെ ഈ ലിങ്കോ തലക്കെട്ടോ ക്ലിക്ക് ചെയ്യാൻ പ്രകോപിപ്പിക്കുക എന്നുള്ളതാണ്. ഒരു ലേഖനത്തിനോ, വീഡിയോക്കോ, ചിത്രത്തിനോ കൂടുതൽ ശ്രദ്ധ കിട്ടും തോറും അതിനുണ്ടാക്കാനാവുന്ന വരുമാനാവും കൂടാം. ഇതിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് നിങ്ങളെ കൊണ്ടൊന്ന് ക്ലിക്ക് ചെയ്യിക്കാനോ കണ്ടെൻ്റ് ഷെയർ ചെയ്യിക്കാനോ ആയി എന്തും ചെയ്യാനുള്ള പ്രചോദനം ഇവരിൽ ഉണ്ട്.
നിങ്ങൾ ഉപയോഗിക്കുന്ന പ്രൊഫൈലുകൾ (ഫേസ് ബുക്ക്, ഇൻസ്റ്റാഗ്രാം പോലുള്ളവ) ഉണ്ടാക്കിയെടുത്ത നിങ്ങളുടെ പേഴ്സണാലിറ്റി പ്രൊഫൈലിൻ്റെ അടിസ്ഥാനത്തിൽ മാത്രം സൃഷ്ടിക്കപ്പെട്ടതും, നിങ്ങളുടെ വികാരങ്ങളെ സ്വാധീനിക്കാനാവുന്നതുമായ തലക്കെട്ടുകൾ നിങ്ങൾ കാണാനിടയാവും. ഇങ്ങനെയെങ്കിൽ നിങ്ങളത് ക്ലിക്ക് ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.
ക്ലിക്ക്ബെയിറ്റുകളെ പലപ്പോഴും തെറ്റായ വിവരങ്ങൾക്കൊപ്പം കാണാൻ സാധിക്കും എന്നാൽ എപ്പോഴും അങ്ങനെയാവണമെന്നില്ല. ഒരിക്കൽ ക്ലിക്ക്ബെയിറ്റ് തലക്കെട്ടുകൾ തിരിച്ചറിയാൻ സാധിച്ചാൽ, നിങ്ങൾക്കവ ഇൻ്റർനെറ്റിലൊട്ടാകെ കാണാൻ സാധിക്കും - യൂട്യൂബിലും, ബ്ലോഗുകളിലും, ടാബ്ലോയിഡുകളിലും വരെ.
സ്രോതസ്സ് കണ്ടെത്തുക
ക്ലിക്ക്ബെയിറ്റുകളെ നേരിടുമ്പോൾ തലക്കെട്ടുകളിൽ നിന്ന് പോവരുത്. അതൊരു സുരക്ഷിതമായ ലിങ്കാണെന്ന് തോന്നുന്നുണ്ടെങ്കിൽ ആ ലേഖനം ആരാണ് എഴുതിയതെന്നും, എപ്പോഴാണ് പ്രസീദ്ധീകരിച്ചതെന്നും, കൂടാതെ ഏതൊക്കെ സ്രോതസ്സുകളാണ് പരാമർശിച്ചുട്ടള്ളതെന്നും കണ്ടെത്തുക. ലേഖനത്തിനകത്ത് പരസ്യമാണോ, പെയ്ഡ് കണ്ടെന്റാണോ അതോ ഒരു അഭിപ്രായ ലേഖനമാണോ എന്ന് കാണിക്കുന്ന ഒരു കുറിപ്പ് ഉണ്ടാവും. ഈ വിവരങ്ങളുണ്ടേൽ ഇത് നിങ്ങളുടെ സമയത്തിന് വില നല്കുന്നവയാണോ എന്ന് തീരുമാനിക്കാം.
4. വിഷ്വൽ മിസിൻഫൊർമേഷൻ സൂക്ഷിക്കുക.
ഡീപ് ഫേക്കുകളെന്നാൽ ഡിജിറ്റലായി മാറ്റം വരുത്തപെട്ട വീഡിയോകളും, ഓഡിയോ ക്ലിപ്പുകളും, ചിത്രങ്ങളും ആണ്. മിക്കവാറും ഇതിൻ്റെ പിന്നിലെ ഉദ്ദേശം ഒരു വ്യക്തിയുടെ മുഖമോ ചേഷ്ടകളോ അല്ലെങ്കിൽ അവരുടെ വാക്കുകളോ മാറ്റുക എന്നതാണ്. ‘ഡീപ് ഫേക്ക്’ എന്നത് ഒരു സമീപകാല പദം ആണെങ്കിൽ പോലും അത് കാലങ്ങളായി ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ കണ്ടുവരുന്നതാണ് (1917-ലെ കോട്ടിങ്ഗ്ലി ഫെയറീസ് എന്ന ചിത്രത്തിലുള്ള പോലെയോ അതോ 1994-ലെ ഫോറസ്റ്റ് ഗംമ്പ് എന്ന ചലച്ചിത്രത്തിലുള്ളതോ). ഇത് പോലത്തെ ചീപ്പ് ഫേക്കുകൾ - സങ്കീർണമായ സാങ്കേതിക വിദ്യ ആവശ്യമില്ലാത്ത തെറ്റിദ്ധരിപ്പിക്കുന്ന ഉള്ളടക്കങ്ങൾ ഉണ്ടാക്കുക എന്നത് എളുപ്പകരമാണ്. ഇവ ഉണ്ടാക്കാൻ ഒരു ഫോട്ടോയ്‌ക്കോ വീഡിയോയ്ക്കോ തെറ്റായൊരു തലക്കെട്ട് നൽകുകയോ അല്ലെങ്കിൽ നിലവിലുള്ളൊരു സംഭവം വർണ്ണിക്കാനായി പഴയ കണ്ടെൻ്റ് ഉപയോഗിക്കുകയോ ചെയ്താൽ മതി.
2019-ൽ ബ്രസീലിലെ ആമസോൺ കാടുകളിൽ തീപിടുത്തം അതിൻ്റെ മൂർദ്ധന്യാവസ്ഥതയിൽ ആയിരുന്ന സമയത്ത് പല താരങ്ങളും ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവേൽ മാകറോൺ ഉൾപ്പടെയുള്ള രാഷ്ട്രീയക്കാരും നാശം വിതക്കപ്പെട്ട കാടുകളുടെ ചിത്രങ്ങൾ പങ്ക് വെച്ചിരുന്നു … പക്ഷെ ഇവ ശരിയായവ ആയിരുന്നില്ല. ഏറ്റവും കൂടുതൽ വൈറൽ ആയ ചിത്രം 2019-ലെ ആമസോൺ കാട്ട് തീയുടെതല്ല മറിച്ച് 1989-ലേത് ആണെന്ന് കണ്ട് പിടിച്ചത് [മദർ ജോൺസ്](Stop Sharing Those Viral Photos of the Amazon Burning – Mother Jones) എന്ന മാസികയാണ്.
ഇതെങ്ങനെ സംഭവിച്ചു? മിക്കവാറും സംഭവിച്ചിട്ടുണ്ടാവുക വേണ്ടത്ര ഗവേഷണം നടത്താതെ സദുദ്ദേശത്തോട് കൂടെ തന്നെയുള്ള ഒരു വിവര സ്രോതസ്സ് ധൃതിയിൽ ഇതിനെ ഓൺലൈനായി പ്രസിദ്ധീകരിച്ചിട്ടുണ്ടാവും. ഇത് പിന്നീട് റിപ്പിൾ ഇഫെക്ടിലൂടെ തിരുത്താനാവാത്ത വിധം വൈറൽ ആയി കാണും.
തെറ്റായ വിവരങ്ങളെ ചെറുക്കുക എന്നത് തീർത്തും അസാദ്യമായി തോന്നാമെങ്കിലും നിങ്ങൾക്ക് ചെയ്യാനാവുന്ന ഒരു സുപ്രധാനപ്പെട്ട കാര്യമുണ്ട്…നിങ്ങളുടെ വിശ്വാസത്തിലുറച്ച് നിൽക്കുക.
ഉറച്ച് നിന്ന് തിരച്ചിൽ നടത്തുക
ക്ലിക്ക് ബെയ്റ്റുകളെ നേരിടുമ്പോൾ ഉള്ളത് പോലെ തന്നെ ഒന്നും മുഖവിലയ്ക്ക് എടുക്കാതിരിക്കുക. നിങ്ങൾ കാണാനിടയായ ഒരു ഫോട്ടോ അല്ലെങ്കിൽ വീഡിയോ മൂലംനിങ്ങൾ ആശ്ചര്യപ്പെടുകയോ അതോ അത്യാചാരമാണെന്ന് നിങ്ങൾക്ക് തോന്നുകയോ ചെയ്‌താൽ, കാണുന്നതിനും അപ്പുറത്തേക്ക് അതിൽ കാര്യമുണ്ടെന്ന് ഉറപ്പാക്കുക. ഇതേ ചിത്രം നിങ്ങളുടെ ഫീഡൊട്ടാകെയുണ്ടെങ്കിലോ നിങ്ങളുമായി അത് പലതവണ പങ്ക് വെക്കപ്പെട്ടിട്ടുണ്ടെങ്കിലോ, അതിനെ ശരിയായ സ്രോതസ്സിലേക്ക് എത്താനുള്ള ഒരു കാരണമായി കരുതുക.
അവിടെയാണ് നിങ്ങൾ പല ചോദ്യങ്ങളും ഉയർത്തേണ്ടതായി വരുക: ആരാണ് അത് പ്രസിദ്ധീകരിച്ചത് (ഏത് വെബ്സൈറ്റ്, ആരാണ് രചയിതാവ്)? എന്നാണ് പ്രസിദ്ധീകരിച്ചത്? അതൊരു ചിത്രമാണെങ്കിൽ ടിൻഐ യിൽ ഒരു റിവേഴ്‌സ് സെർച്ച് ചെയ്യുക എന്നിട്ട് അതിനെ വേറെവിടെ കാണാൻ സാധ്യമാവും എന്ന നോക്കുക.
സത്യമാണെന്ന് ഉറപ്പിച്ച് കൂട്ടുകാരുമായും കുടുംബമായും ഷെയർ ചെയ്യുന്നതിന് മുൻപ് വേറെ വിശ്വസിനീയമായ വാർത്ത ഉറവിടങ്ങളുമായി താരതമ്യപ്പെടുത്തി നന്നായി പരിശോധിക്കുക.
5. ഇൻ്റർനെറ്റിലെ സത്യം തേടുക.
‘തെറ്റായ വിവരങ്ങൾ’ എന്ന പദം കൃത്യമല്ലാത്തതോ തെറ്റിദ്ധരിപ്പിക്കുന്നതോ ആയ വിവരങ്ങളുടെ ഒരു വലിയ ശ്രേണിയെ പരാമർശിക്കുന്നതാണ്. ഇതിൽ ആക്ഷേപ ഹാസ്യവും, വളരെ മോശമായി ഗവേഷണം നടത്തിയ ഉള്ളടക്കങ്ങളും, സ്ഥിരീകരിക്കാത്ത ഉള്ളടക്കങ്ങളും, ഹാസ്യകരമായ വഞ്ചനകളും, തട്ടിപ്പുകളും ഒക്കെ ഉൾപ്പെടും. പലപ്പോഴും തെറ്റായ വിവരങ്ങൾ പടരുന്നതിന് പിന്നിൽ ദുരുദ്ദേശമുണ്ടാവണം എന്നില്ല. ഇത് ഷെയർ ചെയ്യുന്നതിന് പിന്നിലെ കാരണമെന്തും ആയിക്കോട്ടെ പക്ഷെ സാധാരണയായി ഇതിൻ്റെ പരിണാമം ഒന്ന് തന്നെയാണ് : ഇത് സ്വീകരിക്കുന്നവർ തെറ്റായത് സത്യമാണെന്നും, ഒരിക്കലും സംഭവിക്കാത്തത് നടന്നെന്നും വിശ്വസിക്കുന്നു.
ചിലപ്പോൾ ഇത് ഹാസ്യജനകമായ ഒരു മീം ആവാം. മറ്റ് ചിലപ്പോൾ കൃത്യമല്ലാത്ത ആരോഗ്യ വിവരമോ തെറ്റായ രാഷ്ട്രീയ വിവരമോ ആവാം.
നിങ്ങളൊരു ലേഖനം വായിച്ച് അതിനെ കുറിച്ച് അന്വേഷിക്കാനായി ഏറ്റവും മികച്ച വിമർശനാത്മകl ചോദ്യങ്ങൾ ഉന്നയിച്ചാലും, നിങ്ങളിൽ സംശയം പിന്നെയും അവശേഷിക്കാം. പക്ഷെ മനസ്സിലാക്കുക: നിങ്ങൾ തനിച്ചല്ല!
എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണം!
ഒരു വെബ്സൈറ്റ് അവരുടെ തെറ്റുകൾ അംഗീകരിച്ചില്ലെന്ന് വെച്ച് അവർ തെറ്റുകൾ ചെയ്തിട്ടില്ല എന്ന് അർത്ഥമില്ല. ശരിക്കും ഏറ്റവും കൂടുതൽ വിശ്വാസയോഗ്യമായ പ്രസിദ്ധീകരണങ്ങൾ സത്യത്തെ വളരെ ശ്രദ്ധയോട് കൂടെ സമീപിക്കുകയും, വാസ്തവത്തെ പരിശോധിക്കാനായി ആളുകളെയും വകുപ്പുകളെയും നിയമിക്കുകയും ചെയ്യുന്നു.
തെറ്റ് സംഭവച്ചാൽ, തിരുത്തലുകൾ പ്രസിദ്ധീകരിക്കുന്നവയെ ശ്രദ്ധിക്കുക. അപ്ഡേറ്റ് ലേഖനത്തിൻ്റെ മുകളിലായി കൊടുത്തിരിക്കുകയും സോഷ്യൽ മീഡിയയിൽ പങ്ക് വെക്കുകയും ചെയ്‌തിട്ടുള്ളവയാണ് മെച്ചമുള്ളത്. ഇങ്ങനെയാണെങ്കിൽ ഇതിനായി ബുദ്ധിമുട്ടി തിരച്ചിൽ നടത്തേണ്ട കാര്യമില്ല.
നിങ്ങളെ സഹായിക്കാൻ ഓൺലൈൻ ആയി ടൂളുകളും ലഭ്യമാണ്. AltNews , Boom Live എന്നിവ തെറ്റായ വിവരങ്ങളോട് പൊരുതാനായി കിംവദന്തികളുടെയും, അപവാദങ്ങളുടെയും യാഥാർത്ഥ്യം പരിശോധിക്കുവാനായി എഴുത്തുകാർ, ഗ്രന്ഥപരിശോധകർ തുടങ്ങിയവരെ നിയമിക്കുന്നു. ന്യൂസ്‌ഗാഡ്, ട്രസ്റ്റഡ് ന്യൂസ്, ഒഫീഷ്യൽ മീഡിയ ബയസ് ചെക്ക് ഫാക്ട് ഐക്കൺ പോലെയുള്ള പ്ലഗ് ഇന്നുകൾ നിങ്ങൾ സന്ദർശിക്കുന്ന ഒരോ വാർത്ത വെബ്സൈറ്റുകളുടെയും ഗ്രേയ്‌ഡുകളും, റാങ്കുകളും, റിപ്പോർട്ടുകളും പ്രദർശിപ്പിക്കും.
നിങ്ങൾക്ക് വേണമെങ്കിൽ സ്വന്തം നിലക്ക് അന്വേഷിക്കാം. ശ്രദ്ധയോട് കൂടെ പരിശോധിക്കാനായി നിങ്ങൾക്ക് ടാക്ടിക്കൽ ടെക്കിൻ്റെ ദി കിറ്റ് ഉപയോഗിക്കാം.
6. നിങ്ങളുടെ ഫിൽറ്റർ ബബിൾ തകർക്കുക.
വെബ്സൈറ്റുകളും ആപ്പുകളും ചേർന്ന് നിങ്ങളുടെ താല്പര്യങ്ങൾകൊത്ത് ഒരു പ്രൊഫൈൽ ഉണ്ടാക്കി കഴിഞ്ഞാൽ പിന്നീട് നിങ്ങളൊരു ഫിൽറ്റർ ബബിളിൽ അകപ്പെടും. അതായത് നിങ്ങൾ ലൈക് ചെയ്യുന്നത് പോലെയുള്ള സ്റ്റോറികൾ പിന്നെയും തന്നുകൊണ്ട് ഈ സർവീസുകൾ നിങ്ങളുടെ താല്പര്യത്തെ വളർത്തും. ഇതെങ്ങനെയാണ് നിങ്ങൾ കേൾക്കുന്ന കാര്യങ്ങളെ ഒരു പരിധിയിലപ്പുറത്തേക്ക് പോകാൻ അനുവദിക്കാത്തത് അല്ലെങ്കിൽ മാറ്റുന്നത്?
നിങ്ങൾ കാണുന്നതിനൊത്ത് കണ്ടെൻ്റ് നിർദ്ദേശിക്കുന്നതിന് (അഥവാ അറിയപ്പെടുന്നത് “അൽഗോറിതമിക് ക്യൂറേഷൻ” എന്നാണ്)ഉദാഹരണമായി പറയാൻ പറ്റിയ ഒന്നാണ് യൂട്യൂബ് പക്ഷെ ഇത്പോലെയുള്ള സജ്ജീകരണങ്ങൾ നെറ്ഫ്ലിക്സ്, സ്പോട്ടിഫൈ, ഇൻസ്റ്റാഗ്രാം-ട്വിറ്റർ എക്‌സ്‌പ്ലോർ പേജുകൾ, ഫേസ്ബുക്ക് ഫീഡുകൾ, ആമസോൺ തുടങ്ങിയവയിലും കാണാം.
ഇൻ്ററാക്ടിവ് ലേഖനമായ ബ്ലൂ ഫീഡ്, റെഡ് ഫീഡ് എന്നതിൽ കൊടുത്തത് പോലെ ഒരു ഫിൽറ്റർ ബിബിളിനകത്ത് അകപ്പെട്ട് പോയാൽ ആളുകൾ വളരെ വ്യത്യസ്തമായാണ് കഥകളും, വാർത്ത തലക്കെട്ടുകളും, ലേഖനങ്ങളും, പരസ്യങ്ങളും കാണുന്നത്.
നിങ്ങളുടെ ഇഷ്ടങ്ങൾക്കൊത്ത രീതിയിലുള്ള കണ്ടെന്റുകൾ മാത്രം കാണുക എന്നത് ചിലപ്പോൾ നല്ലൊരു കാര്യമായി തോന്നിയേക്കാം. പക്ഷെ ഈ ഉദാഹരണം നോക്കുക: നിങ്ങൾക്ക് പട്ടികളുടെ പരിശീലന വീഡിയോകളിൽ താല്പര്യം ഉള്ളതുകൊണ്ട് അത്തരം വീഡിയോകൾ നിങ്ങൾക്കായി യൂട്യൂബ് ശുപാർശ ചെയ്യുന്നത് പോലെ,ഇതേ പ്ലാറ്റഫോം ഗൂഡാലോചന സിദ്ധാന്തങ്ങളിൽ താല്പര്യമുള്ള നിങ്ങളുടെ അയൽപക്കത്തുള്ള വ്യക്തിയെ ആ വഴിയേ നയിക്കുന്നു. ഏറ്റവും മോശം സാഹചര്യങ്ങളിൽ, ഈ ഫിൽറ്റർ ബബിളുകൾക്ക് അയൽക്കാരെയും, സമൂഹങ്ങളെയും, രാഷ്ട്രങ്ങളെ പോലും കൂടുതൽ ധ്രുവീകരിക്കാം.
നിങ്ങളൊരു ബബിൾ ഫിൽറ്ററിലാണോ എന്ന് കണ്ടെത്തുക! ഒരു സുഹൃത്തിൻ്റെയോ ബന്ധുവിൻ്റെയോ ഒപ്പമിരുന്ന് നിങ്ങളുടെ ന്യൂസ് അപ്പുകളിലും സോഷ്യൽ മീഡിയ ഫീഡുകളിലും ആദ്യം തന്നെ കാണാൻ സാധിക്കുന്ന വിഷയങ്ങളെ താരതമ്യം ചെയ്യുക. ഇതിൻ്റെ ഫലം നിങ്ങളെ ആശ്ചര്യപ്പെടുത്തുന്നുണ്ടോ? നിങ്ങളിരുവരും ഒരേ ബിബിളിലാണോ അതോ വ്യത്യസ്തമായവയിലോ? എന്ത് തന്നെ ആയാലും ഈ ഡാറ്റ ഡിടോക്സിൽ തന്നിരിക്കുന്ന ചുവടുകൾ പിന്തുടരാനായി അവർക്ക് കൂടെ ശുപാർശ ചെയ്യുക!
എല്ലാ ആപ്പുകളിലും വെബ്സൈറ്റുകളിലും അൽഗോറിതത്തിനൊത്ത് രൂപപ്പെടുത്തിയ കണ്ടെന്റുകളാണ് നിങ്ങൾ കാണുന്നതെങ്കിൽ, ചോദ്യമിതാണ്: നിങ്ങൾക്കെങ്ങനെ ആ ഫിൽറ്റർ ബബിൾ നിന്നും പുറത്ത് വരാനാവും?
ഗതി മാറ്റുക, വാർത്തകൾ കലർത്തുക ഫോറങ്ങൾ, വിശാലമായ അഭിപ്രായങ്ങളും തീമുകളുമുള്ള മെയിലിംഗ് ലിസ്റ്റുകൾ എന്നിവ നിങ്ങളെ സഹായിച്ചേക്കാം. ഗ്ലോബൽ വോയിസസ്, ദി സിലബസ് പോലെയുള്ളവ ഒരു ആരംഭം എന്ന തരത്തിൽ മികച്ച ഓപ്ഷനുകളാണ്.
ഈ നിർദ്ദേശങ്ങൾ ഉപകാരപ്രദമായി നിങ്ങൾക്ക് തോന്നിയിട്ടുണ്ടെങ്കിൽ കൂടുതൽ ഡാറ്റ ഡിടോക്സ് നിർദ്ദേശങ്ങൾക്കായി വായിക്കൂ - നിങ്ങളുടെ ഡിജിറ്റൽ സൗഖ്യം മെച്ചപ്പെടുത്താനായി ഡീഫോൾട്ടുകൾ ഒഴിവാക്കുക.
പദ്ധതിയുടെ പങ്കാളികൾ:
ധനസഹായം നൽകിയത് യൂറോപ്യൻ യൂണിയൻ: